
സമീര്‍ അമീന്‍ സംസാരിക്കുന്നു
ലോകം മാര്‍ക്സില്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണ് ?അതേ, ഇപ്പോള്‍ മാര്‍ക്സും മാവോയും തിരിച്ചുവന്നിരിക്കുന്നു. മാര്‍ക്സിസത്തെ മാര്‍ക്സില്‍ നിന്നാരംഭിക്കുന്ന സര്‍ഗാത്മക ചിന്തയായി മനസ്സിലാക്കുമ്പോള്‍ അത് മാര്‍ക്സില്‍ നിന്നു തുടങ്ങുകയാണ്. മാര്‍ക്സില്‍ അവസാനിക്കുകയല്ല. ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സമൂഹങ്ങളെയും സാമ്രാജ്യത്വത്തെയും വര്‍ത്തമാനസാഹചര്യങ്ങളില്‍ മനസ്സിലാക്കാനുതകും വിധത്തില്‍ മാര്‍ക്സിസത്തെ സമ്പന്നമാക്കിയ മാവോയുടെ സൃഷ്ടിപരമായ സംഭാവനകള്‍ അനല്പമാണ്. അതുകൊണ്ടുതന്നെ സമൂഹത്തെ മനസ്സിലാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരണമാണ് മാര്‍ക്സിസവും മാവോയിസവും പ്രദാനം ചെയ്യുന്നത്. ഈ നല്ല ഉപകരണത്തിന്റെ പ്രയോഗം നിങ്ങളെ, ഉപയോഗിക്കുന്ന ആളിനെ, ആശ്രയിച്ചിരിക്കുന്നു. ചൂഷണത്തിലും മര്‍ദ്ദനത്തിലുമധിഷ്ഠിതമായ വര്‍ത്തമാന സാമൂഹ്യവ്യവസ്ഥിതിയെ മനസ്സിലാക്കുന്നതിനുമാത്രമല്ല, അതിന്റെ യുക്തിശാസ്ത്രത്തെ, അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെ, അതിന്റെ ദൌര്‍ബല്യങ്ങളെക്കൂടി കണ്ടെത്തുന്നതിന് അത് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് ഈ ഉപകരണം സമൂഹത്തെ മനസ്സിലാക്കാന്‍ മാത്രമല്ല അതിനെ മാറ്റിത്തീര്‍ക്കാന്‍ കൂടിയുള്ള ഒന്നായിത്തീരുന്നു. അതായത്, ചൂഷിതജനവിഭാഗങ്ങളുടെ വിമോചനത്തിനുതകുന്ന തന്ത്രങ്ങളും നയങ്ങളും കാര്യക്ഷമമായി രൂപപ്പെടുത്താന്‍ അത് സഹായകമായിത്തീരുന്നു. ഈ ഉപകരണം ഉപയോഗിച്ചുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല വര്‍ത്തമാന മുതലാളിത്തത്തിന്റെയും സാമ്രാജ്യത്ത്വത്തിന്റെയും വ്യവസ്ഥാപരമായ പ്രതിസന്ധിയെക്കൂടി വിശകലനം ചെയ്യാനാണ് എനിക്ക് ഇഷ്ടം.
എണ്ണപ്രതിസന്ധി, ഊര്‍ജ്ജപ്രതിസന്ധി, ഭക്ഷ്യപ്രതിസന്ധി പാരിസ്ഥിതിക പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി... മുതലാളിത്തം മുതലകൂപ്പുകുത്തുകയാണോ... എന്താണ് മാര്‍ക്സിസ്റ്റ് വിശകലനം?
പരമ്പരാഗത സാമ്പത്തിക ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നാണ്. പക്ഷേ, ഞങ്ങള്‍ മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നല്ലൊരുവിഭാഗമെങ്കിലും പ്രതീക്ഷിച്ച ഒന്നായിരുന്നു ഈ പ്രതിസന്ധി. സാധാരണ രീതിയില്‍ ലളിതമായി പറയാറുള്ളതുപോലെ മുതലാളിത്തം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കും എന്ന പ്രസ്താവനയിലധിഷ്ഠിതമായിരുന്നില്ല ഇത്. മറിച്ച് വര്‍ത്തമാനകാലയളവിലെ നിയോലിബറല്‍ ആഗോളവത്കരണത്തിന്റെ വിശകലനം, അത് സുസ്ഥിരമല്ല എന്ന അറിവിലേക്ക് നയിച്ചു എന്നതാണ് വസ്തുത. പരമ്പരാഗത ധനശാസ്ത്രജ്ഞരില്‍പ്പെട്ട കേമന്മാര്‍പോലും ഇത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതു മനസ്സിലാക്കുന്നതിനുള്ള ധിഷണാപരമായ ഉപകരണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ആഗോളവത്കരണത്തിന് ബദലുകളില്ല എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു. ആഗോളവത്കരണത്തെ സ്വീകരിക്കേണ്ടതിന്റെയും അതിനായി സമര്‍പ്പിക്കേണ്ടതിന്റെയും അതുമായി സമരസപ്പെടേണ്ടതിന്റെയും ആവശ്യത്തെയും ഒടുവില്‍ ആഗോളവത്കരണത്തെ അനുകൂലമായി ഉപയോഗപ്പെടുത്തേണ്ട കാര്യത്തെക്കുറിച്ചുമായിരുന്നു അവരുടെ പറച്ചിലുകള്‍. ഞങ്ങളെപ്പോലുള്ളവര്‍ സാമ്രാജ്യത്വ ആഗോളവത്കരണത്തിനു ബദല്‍ സാധ്യമാണെന്നും അതു സോഷ്യലിസ്റ്റു ബദല്‍ മാത്രമാണെന്നും പറഞ്ഞു. ഈ വ്യവസ്ഥ സുസ്ഥിരമല്ല. ഇപ്പറയുന്നതിനര്‍ത്ഥം രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ സോഷ്യലിസം സംജാതമാകുമെന്നല്ല, മറിച്ച്, പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തത്തിനും സാമ്രാജ്യത്ത്വത്തിനും ബദലായി ചൂഷിത-മര്‍ദ്ദിത വിഭാഗങ്ങളുടെ പക്ഷത്തുനിന്ന് സാധ്യമായ പ്രതികരണം സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് എന്നാണ്.
ഇപ്പോഴത്തെ സാമ്പത്തികതകര്‍ച്ച സംഭവിച്ചത് ഏതാണ്ട് ആറ് മാസങ്ങള്‍ക്കു മുന്‍പാണ്. എന്നാലിത് കേവലമായ ഒരു സാമ്പത്തിക തകര്‍ച്ച മാത്രമല്ല. ഐസ് കട്ടയുടെ ഉപരിതലം മാത്രം എന്നു പറയാം. ഈ ഐസ് കട്ടയ്ക്കിടയില്‍ വാര്‍ദ്ധക്യം ബാധിച്ച മുതലാളിത്തത്തിന്റെ പ്രതിസന്ധിയാണുള്ളത്. കാലഹരണപ്പെട്ടുകഴിഞ്ഞ മുതലാളിത്തത്തിന്റെ പ്രതിസന്ധി എന്നുതന്നെ പറയാന്‍ എനിക്കു മടിയില്ല. മുതലാളിത്ത വ്യവസ്ഥയുടെ ഈ പ്രതിസന്ധി നിരവധി രൂപങ്ങളില്‍ പ്രകടമായിത്തീരുന്നുണ്ട്. എണ്ണ പ്രതിസന്ധി, ഊര്‍ജ്ജപ്രതിസന്ധി, ഭക്ഷണപ്രതിസന്ധി, പാരിസ്ഥിതിക പ്രതിസന്ധി എന്നിങ്ങനെ നിരവധി രൂപങ്ങളില്‍! പരമ്പരാഗത ധനശാസ്ത്രജ്ഞന്‍മാര്‍ ഈ ഓരോ പ്രതിസന്ധിയേയും പ്രത്യേകം പ്രത്യേകമായി വിശകലനം ചെയ്യുകയാണ് ചെയ്തത്. അവയോരോന്നും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. മാര്‍ക്സിസ്റ്റ് വിശകലനരീതി സ്വീകരിച്ച ഞങ്ങളാകട്ടെ പ്രതിസന്ധികളെ അവയുടെ പരസ്പരബന്ധങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.
അതായത് മുതലാളിത്തം ആസന്നമരണാവസ്ഥയിലാണ് ?
കഴിഞ്ഞ ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങളായി നമ്മുടെ സാമൂഹികവ്യവസ്ഥ വാര്‍ദ്ധക്യദശയിലേക്കും വളരെ പെട്ടെന്നു പൊട്ടിത്തകരുന്ന കുമിളകളുടെ രൂപവത്കരണത്തിലേക്കും വര്‍ധിതമായ സാമ്പത്തികവത്ക്കരണത്തിലേക്കും (Financialisation) എത്തിച്ചേര്‍ന്നിരിക്കുന്നു. ഇക്കാര്യം മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ നിയോലിബറലിസത്തെക്കുറിച്ചുള്ള വെറും വിവരണങ്ങളില്‍ നിന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. നിയോലിബറലിസത്തിന്റെ മുഖംമൂടിക്കുപിറകില്‍ അറുപിന്തിരിപ്പനായ, നവയാഥാസ്ഥിതികമായ താത്പര്യങ്ങളും നയങ്ങളുമാണുള്ളത്. ആഗോളവത്ക്കരണം എന്ന പ്രയോഗത്തിലൂടെ അവയെല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. യഥാര്‍ത്ഥത്തില്‍ ആഗോളവത്ക്കരണം എന്നത് മാനവചരിത്രത്തില്‍ വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പാരംഭിച്ച പ്രക്രിയയാണ്. മുതലാളിത്തം എന്നും ഒരു ആഗോളവത്ക്കരണ വ്യവസ്ഥയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കോളനിവത്ക്കരണമെന്നത് ആഗോളവത്ക്കരണത്തിന്റെ ഒരു രൂപം തന്നെയായിരുന്നില്ലേ ? എന്നാല്‍ ഇപ്പോള്‍ ഈ പ്രയോഗം നടത്തപ്പെടുന്നത്, തങ്ങള്‍ പറയുന്ന ആഗോളവത്ക്കരണം സാമ്രാജ്യത്വആഗോളവത്കരണമാണെന്ന അപ്രിയകരമായ സത്യം ഒഴിവാക്കാനാണ്.
മാന്ദ്യത്തെ നേരിടാന്‍ വ്യതസ്തമായ നയങ്ങളാണ് വേണ്ടത്, പക്ഷെ ഭരണകൂടങ്ങള്‍ നടപ്പാക്കുന്നതോ?
മുതലാളിത്ത പ്രഭുക്കന്മാരും അവരുടെ വേലക്കാരും അമേരിക്ക, യൂറാപ്പ്, ജപ്പാന്‍ എന്നിവയും മറ്റു ഗവണ്‍മെന്റുകളും എന്താണ് ചെയ്യുന്നത്? ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സെപ്റ്റംബറിലെ തകര്‍ച്ചയ്ക്കു മുന്‍പുള്ള അവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള മാറ്റവും ലക്ഷ്യമാക്കപ്പെടുന്നില്ല. പുനഃസ്ഥാപനം മാറ്റമല്ല. പുനഃസ്ഥാപിക്കുക, ആഗോള നാണയ സാമ്പത്തിക വ്യവസ്ഥയുമായി ഏകീകരിക്കുക, അപക്രമീകരണം നടത്തുക...അങ്ങനെയങ്ങനെ... പ്രഭുക്കളുടേതുമാത്രമായ അധികാരങ്ങള്‍ നിലനിര്‍ത്തുകയും അവരവരുടെ സംരക്ഷണത്തിനുതകുന്ന ആഗോളതന്ത്രങ്ങള്‍ തുടരുകയും ചെയ്യുക. എന്നാല്‍ വരും മാസങ്ങളില്‍ എന്നല്ല വര്‍ഷങ്ങളില്‍ത്തന്നെ വ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നത് സാധ്യമല്ലെന്നു തോന്നുന്നു. ഇതിനു മൂന്നു കാരണങ്ങളുണ്ട്.
ഒന്ന്, സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ ആവശ്യമായ പണം വന്‍തോതിലുള്ളതാണ്. ട്രില്യന്‍ ഡോളറുകളില്‍ ഒരുപക്ഷേ, രണ്ടായിരം ട്രില്യന്‍ ഡോളറിനും മീതെ.
രണ്ട്, പ്രതിസന്ധിക്കിരയായിത്തീര്‍ന്നവരുടെ പ്രതിഷേധം. അത് എത്രമാത്രം ശിഥിലവും രാഷ്ട്രീയ ബദല്‍ എന്ന രൂപത്തില്‍ സാംശീകരിക്കുന്നതില്‍ നിന്ന് എത്രമാത്രം ദൂരെയുമാകട്ടെ, അതിന്റേതായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും.
മൂന്ന്, തെക്കന്‍ നാടുകളിലെ ഗവണ്‍മെന്റുകളില്‍പ്പെട്ട ആളുകള്‍, ആഗോള നാണയ ധന വ്യവസ്ഥയുമായി ഏകീകരിക്കുന്നതിന്റെ, വീണ്ടും ഏകീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കും, ഈ പുനഃരേകീകരണം ലക്ഷ്യമിടുന്നത് ന്യൂനപക്ഷം വരുന്ന മുതലാളിത്ത പ്രഭുക്കള്‍ക്ക് ഏഷ്യന്‍, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാനും കുറഞ്ഞ കൂലിക്ക് തൊഴില്‍ശക്തി നേടിയെടുക്കാനും ഉയര്‍ന്ന ലാഭനിരക്ക് നിലനിര്‍ത്താനും ലാഭം പങ്കിട്ടെടുക്കാനുമുള്ള സൌകര്യങ്ങളാണ്. ഈ ശ്രമത്തില്‍ അവര്‍ വിജയിക്കുകയാണെങ്കില്‍ ഏറെ താമസിയാതെ ഈ സാമൂഹികവ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളെ വീണ്ടും അഭിമുഖീകരിക്കും.
അപ്പോള്‍ ചോദ്യമിതാണ്, എന്താണ് ബദല്‍? സോഷ്യലിസമല്ലാതെ മറ്റു ബദലുകളില്ല എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം?
ചരിത്രത്തില്‍ പല തരത്തിലുള്ള സോഷ്യലിസ്റുകള്‍ ഉണ്ടായിട്ടുണ്ട്. വ്യാവസായിക മുതലാളിത്തത്തിന്റെ കാലം മുതല്‍, ഫേബിയന്‍ സോഷ്യലിസ്റ്റുകള്‍, മാര്‍ക്സിസ്റ്റുകള്‍, രണ്ടാം ഇന്റര്‍നാഷണല്‍ മാര്‍ക്സിസ്റ്റുകള്‍, മൂന്നാം ഇന്റര്‍നാഷണല്‍ മാര്‍ക്സിസ്റ്റുകള്‍ എന്നിങ്ങനെ. സമഗ്രമായൊരു വിപ്ളവം; അതേത്തുടര്‍ന്ന് വളരെ ചെറിയൊരു ചരിത്ര കാലയളവിനുള്ളില്‍ ഒരു സോഷ്യലിസ്റ് സമൂഹം-ഇതായിരുന്നു സോഷ്യലിസത്തെക്കുറിച്ചുള്ള സങ്കല്പം. പക്ഷേ, ചരിത്രത്തില്‍ കൂടുതലായി നടന്ന കാര്യം വിപ്ളവങ്ങളെല്ലാം പ്രാന്തപ്രദേശരാജ്യങ്ങളിലാണ് ഉണ്ടായത് എന്നതാണ്. റഷ്യതൊട്ട് ചൈനയും ക്യൂബയും വിയറ്റ്നാമും വരെ. ദേശീയ വിമോചനത്തിനുവേണ്ടി മര്‍ദ്ദിതരാഷ്ട്രങ്ങളുടെ സമൂലമായ വന്‍ മുന്നേറ്റങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ഈ സമരങ്ങളെ സോഷ്യലിസത്തിന്റെ ഒന്നാം തരംഗം എന്നു ഞാന്‍ വിളിക്കട്ടെ. തൊഴിലാളികളുടെയും മര്‍ദിതജനങ്ങളുടെയും, വിമോചനമായിരുന്നു അതിന്റെ ലക്ഷ്യം. ആ നൂറ്റാണ്ടിലെ വസ്തുനിഷ്ട സാഹചര്യങ്ങള്‍ മാത്രമല്ല, അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങളും ഇത്തരമൊരു മുന്നേറ്റത്തിനു കാരണമായി. ഇപ്പോള്‍ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തിലെ തന്ത്രപരമായൊരു പുതിയ ദൌത്യത്തിലേക്ക് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമുഖത്ത് ഒരു വര്‍ഗരഹിത സമൂഹത്തിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി മാത്രമുള്ളതല്ല ഈ നീക്കം. മറിച്ച് ഒരു ദീര്‍ഘകാല പ്രാപഞ്ചിക പരിവര്‍ത്തനപ്രക്രിയയായി ഞാന്‍ മനസ്സിലാക്കുന്ന സോഷ്യലിസ്റ്റ് പാതയില്‍ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള കാര്യക്ഷമമായ ഒരു തന്ത്രവിചാരം കൂടിയാണ് അത് (efficient strategic thinking).ഇത് അഞ്ചോ പത്തോ കൊല്ലം കൊണ്ട്, കുറേ ദേശസാല്‍ക്കരണങ്ങളിലൂടെ ധൃതിപിടിച്ചുണ്ടാക്കാന്‍ കഴിയുന്ന സോഷ്യലിസമല്ല. മറിച്ച് അടുത്ത നൂറ്റാണ്ടിലേക്കും നീളുന്ന ഒരു ദീര്‍ഘമായ പരിവര്‍ത്തനമാണ്.
*കടപ്പാട് : പി എ ജി ബുള്ളറ്റിന്‍