Tuesday, February 03, 2009

തുറക്കുന്ന ചില്ലുവാതിലുകള്‍ ഉയരുന്ന പൊന്‍വിരിപ്പുകള്‍ (പുസ്തക നിരൂപണം)

"അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറു കടന്ന് ഉള്‍കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ലുവാതിലുകള്‍ കടന്നു സ്വപ്നത്തിലൂടെ സാന്ധ്യ പ്രജ്ഞയിലൂടെ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാള്‍ക്ക് പിന്നില്‍ ചില്ല് വാതിലുകള്‍ ഒന്നോന്നായി അടഞ്ഞു." - ഖസാക്കിന്റെ ഇതിഹാസം
'വാക്കുരിഞ്ഞാല്‍ ചോര വരുമെന്നു' വിശ്വസിക്കുന്ന കവിക്ക്‌ ഭാഷയില്‍ കുഴിബോംബുകള്‍ വെക്കാനാവുമോ? വിധ്വംസനമല്ല ഈ കവിതകളുടെ ആജണ്ട. വില്ലീസ്‌പടുതകളിലൂടെ സ്വപ്നത്തിലൂടെ സാന്ധ്യ പ്രജ്ഞയിലൂടെയുള്ള ഊളിയിടലാണ് ഈ കവിതകള്‍ തുറന്നു വെയ്ക്കുന്ന അനുഭവതലം. കിണറുകള്‍ തേടിയലഞ്ഞ ചക്രു റാവുത്തര്‍ ഒടുവില്‍ ചില്ല് വാതിലുകള്‍ കടന്നു അപ്രത്യക്ഷനായത്‌ പൊരുള്‍ തേടിയല്ലേന്ന് ഖസാക്കിനു പുറത്തുള്ള എല്ലാവര്‍ക്കുമറിയാം. അതു പോലെ വായനക്കാരുടെ അലച്ചിലോ, ഊളിയിടലോ ആവശ്യപ്പെടുന്നുണ്ട്‌ ഈ കവിതകള്‍. എളുപ്പത്തില്‍ കണ്ടു തിരിച്ചു വരാവുന്ന നഗരത്തിലെ 'മൃഗശാലയല്ല', മറിച്ചു 'വാക്കുകളുടെ പെരുങ്കല്ലുകള്‍ അരയില്‍ കെട്ടിവച്ചു ഭാഷയിലേക്ക് ഊളിയിടുന്ന' കവിതകളാണ് വിനോദ് എഴുതുന്നത്‌. അതില്‍ 'തണുപ്പിന്റെ ചില്ല്ലുനൂലുകളുടെ സാംഗീതവും' 'ബാക്ടീറിയയോട് സംസാരിക്കുന്ന ദൈവത്തിന്റെ' അരക്ഷിതവസ്ഥയുമുണ്ട്‌. കിനാവുകളുടെ സൌന്ദര്യത്തിനും 'കീറും മുന്‍പ്‌ ഉണങ്ങിപോയ' അനുഭവങ്ങളുടെ മുറിവുകള്‍ക്കുമിടക്ക് 'കണിശമായ ആനുപാതത്തില്‍' വീതിക്കപ്പെട്ട വാക്കുകളാണ്' ഈ സമാഹാരത്തിലുള്ളത്.
ആരും കാണാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും, ഒന്നിനേയും 'റദ്ദു ചെയ്യാത്ത വിസ്മയങ്ങള്‍' ശേഖരിക്കാനും കവി നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഒരു വിശാല തലം തുറന്നിടുന്നുണ്ട്‌. 'ജലതുള്ളി ഇലപ്പചയില്‍ നിന്നും വേര്‍പ്പെടുന്ന ശബ്ദത്ിലാണ്‌' കവി സ്വപ്നം കാണുന്നത്‌. 'പച്ചമണ്ണില്‍ വെയില്‍ വീഴുന്ന ഒച്ചയെ' ചൊല്ലി പോലും ആതുരമാവുന്ന കവിതകള്‍ക്ക് എങ്ങിനെയാണ്‌ ബ്രൂഹദാഖ്യാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാനാവുക, 'കമ്യൂണിസ്റ്റ് പച്ച' അത്തരത്തിലുള്ള സൂചനകള്‍ തരുന്നുണ്ടെങ്കില്‍ പോലും.
എന്താണ് ഈ ആതുരതയുടെ മറുപുറം? പ്രത്യാശയുടെ തുറസ്സിലേക്കല്ലാ, വെള്ളത്തിന്റെ പൊന്‍ വിരിപ്പുകളും ചില്ല് പാളികളും കടന്നു മുങ്ങാംകുഴി പോയത്‌ നിശ്ചലതയിലേക്കാണ്‌. ഒരു സ്ക്രൂവിന്റെ ആത്മകഥ തുരുമ്പിന്റെ ഭാഷയില്‍ അതിന്റെ കീറിയ തലയില്‍ എഴുതപ്പെട്ടിരിക്കുന്നു. 'പിരിഞ്ഞു മുറുകി അനങ്ങാതെയുള്ള ആ ഇരിപ്പ്' ഒരു തുറന്ന സാക്ഷ്യമാണ്‌. അതു കൊണ്ടാണ് വാക്കുകള്‍ കൊണ്ട്‌ പണിത ഉള്‍കിണറിന്റെ ആഴത്തില്‍ കവി വായനക്കാരെ അനാഥമാക്കുന്നത്‌. അവിടെ 'കാറ്റില്‍ അലിഞ്ഞു പോയ കരച്ചിലുകളുടെ മുഴക്കമുണ്ട്‌'. 'ഓടിയാലും ഓടിയാലും തീര്‍ന്നുകിട്ടാത്ത ഓട്ടമുണ്ട്'. മരണത്തിന്റെ ഗന്ധമുണ്ട്‌.
സൌന്ദര്യമൊലിക്കുന്ന ബിംബങ്ങള്‍ കൊണ്ട്‌ വരക്കപ്പെട്ട താഴ്വാരങ്ങള്‍ക്ക് പകരം, തൊലിയുരിയപ്പെട്ട, വിചാരണ ചെയ്യപ്പെട്ട വാക്കുകള്‍ കൊണ്ട്‌ ഇവിടെ ഒരു പാതാള ഗോപുരം ഉയര്‍ന്നിരിക്കുന്നു. അവിടെ ആരും കേള്‍ക്കാത്ത ശബ്ദങ്ങളും, അവഗണിക്കപ്പെട്ട ചലനങ്ങളും 'സമയത്തിലേക്ക് തുളയുന്ന വേരുകളുമുണ്ട്‌'. 'ഭൂമിയിലെ അവസാനത്തെ ചിലന്തിയുടെ ചുംബനമുണ്ട്'.
(പുസ്തകത്തിന്റെ കോപ്പി ബുക്ക് ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക - http://lapudabook.com/lapuda/lapuda.php)

1 comment:

Promod P P said...

സ്റ്റാൻലി

വളരെ നന്നായി അപഗ്രഥിച്ചിരിക്കുന്നു

ആശംസകൾ

വീണ്ടും എഴുതു

സ്നേഹം